പൂജ വെയ്പ്പ് : 1196 തുലാം 07 ന് (2020 ഒക്ടോബർ 23 ന്)
വൈകുന്നേരം പൂജ വെയ്പ്പ്.
ക്ഷേത്രങ്ങളിലോ, പൊതു സ്ഥലങ്ങളിലോ ഈ വർഷം പൂജ നടക്കാത്തതിനാൽ വീടുകളിൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു പൂജ ചെയ്യയുന്നതു വളരെ നല്ലതാണ്…. ഏതു പ്രതികൂല സാഹചര്യം വന്നാലും നമ്മുടെ ആചാരങ്ങൾ മുടങ്ങാതെ നിലനിർത്തി കൊണ്ടുപോകാൻ നമുക്ക് കഴിയണം.
പൂജ വെയ്പ്പിനു വേണ്ട സാധനങ്ങൾ :
* 3 വിളക്ക്, എണ്ണ, തിരി
* കിണ്ടി, അല്ലെങ്കിൽ പാത്രത്തിൽ വെള്ളവും സ്പൂണും
പുഷ്പം, ചന്ദനം, വാഴയില
* ഭസ്മം, കർപൂരം, ചിരാത്, അടയ്ക്ക കഷ്ണം , വെത്തില
* അക്ഷതം (ഉണക്കലരി + നെല്ല് (നെല്ല് ഇല്ലെങ്കിൽ പച്ചരി അല്ലെങ്കിൽ
ഉണങ്ങലരി മഞ്ഞൾ പൊടി അല്ലെങ്കിൽ കുങ്കുമം ചേർത്ത്
കുഴച്ചെടുക്കുക )
* നിവേദ്യം – അവൽ, മലർ പഴം, ശർക്കര
* ത്രിമധുരം – തേൻ, കൽക്കണ്ടം, പഞ്ചസാര, മുന്തിരി, നെയ്യ്
കുളിച്ചു ശുദ്ധമായ മനസ്സോടു കൂടി വേണം പൂജക്ക് തയ്യാറാകാൻ. വെറും നിലത്തിരിക്കാൻ പാടില്ല, . പൂജ ചെയ്യുമ്പോൾ വീട്ടിലെ എല്ലാവരും പൂജ ചെയ്യുന്ന കുട്ടിയുടെ കൂടെ ഇരിക്കണം. തുടച്ചു വൃത്തിയാക്കിയ സ്ഥലത്തു വടക്കു ഭാഗത്തു മൂന്നു വിളക്കുകൾ താലത്തിലോ, ഇലയിലോ വെക്കണം. നടുവിൽ ഒരു വിളക്ക്, അതിന്റെ രണ്ടു ഭാഗത്തായിട്ട് ഓരോ വിളക്കും വെക്കുക . അടുത്തത് വെള്ളം എടുത്തു വെക്കാനുള്ള ഒരു പാത്രമാണ്. കിണ്ടിയോ, വൃത്തിയുള്ള ചെറിയ ഒരു പാത്രമോ ആകാം. അതിൽ നിന്നും വെള്ളം എടുക്കാനുള്ള ഒരു സ്പൂൺ വേണം. കുറച്ചു ചന്ദനം അരച്ചോ, കളഭം കലക്കിയോ ഇലയിലോ, പാത്രത്തിലോ തയ്യാറാക്കി വെക്കാം. പിന്നെ കുറച്ചു പുഷ്പം ഇതളുകളാക്കി തയ്യാറാക്കി വെക്കുക. കുറച്ചു മഞ്ഞപ്പൊടി, ഉണങ്ങലരിയോ പച്ചരിയോ കൂട്ടി ചേർത്ത് അക്ഷതം ഉണ്ടാക്കണം. നെല്ല് ഉണ്ടെങ്കിൽ നെല്ലും ചേർക്കാം. ചന്ദനത്തിരി, ചിരാത് (അല്ലെങ്കിൽ കൊടി വിളക്ക്, അല്ലെങ്കിൽ ഒരു തിരി കത്തിക്കാൻ പാകത്തിലുള്ള ഒരു ചെറിയ വിളക്ക്),
നിവേദ്യം(അവിൽ, മലർ, പഴം, ശർക്കര) കൂടി തയ്യാറാക്കി വക്കുക. പറ്റുമെങ്കിൽ തൃമധുരം കൂടി തയ്യാറാക്കാം. തേൻ, കൽക്കണ്ടം, പഞ്ചസാര, നെയ്,മുന്തിരി, പഴം എന്നിവ ചേർത്താൽ തൃമധുരം ആയി. വെറ്റില, അടക്ക എന്നിവ കൂടി തയാറാക്കി വെക്കാൻ പറ്റിയാൽ ഉത്തമം.
ജലം ശുദ്ധീകരിക്കുക :
കുറച്ച് പുഷ്പം, അക്ഷതം എടുത്ത്
” ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി
നർമ്മദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു ”
എന്ന് ചൊല്ലി പാത്രത്തിലെ ജലത്തിൽ സമർപിക്കുക.
സ്പൂണിൽ ജലം എടുത്ത് എല്ലാ പൂജ വസ്തുക്കളിലും തന്നിലും ശുദ്ധമെന്ന് മനസ്സിൽ സങ്കൽപിച്ച് തളിക്കുക.
ഗുരുപൂജ (ഇടതു ഭാഗത്തെ വിളക്കിൽ )
പുഷ്പം, അക്ഷതം, ജലം, ചന്ദന ജലം ചേർത്ത് “ശ്രീ ഗുരു ഭ്യോ നമ:” എന്ന് ചൊല്ലി സമർപ്പിക്കുക. എന്നിട്ട് തൊഴുതു കൊണ്ട്
” ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു ഗുരുർദേവോ മഹേശ്വര:
ഗുരു: സാക്ഷാത് പരബ്രഹ്മ തസ്മൈ ശ്രീ ഗുരവെ നമ:
എന്ന് ചൊല്ലി ഗുരുവിനെ നമസ്കരിക്കുക.
ഗണപതി പൂജ (വലതു വശത്തെ വിളക്കിൽ )
പുഷ്പം, അക്ഷതം, ജലം, ചന്ദന ജലം ചേർത്ത്
“ശുക്ലാംബരധരം വിഷ്ണും ശശി വർണ്ണം ചതുർഭുജം
പ്രസന വദനം ധ്യായേത് സർവ്വ വിഘ്നോപശാന്തയേ
വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭ
നിർവിഘ്നം കുരുമേ ദേവ സർവ്വകാര്യേഷു സർവ്വദാ ”
എന്ന് പ്രാർത്ഥിച്ച് വിളക്കിൽ സമർപ്പിക്കുക (വേണമെങ്കിൽ ഏത്തമിട്ട് പ്രാർത്ഥിക്കാം).
സരസ്വതി പൂജ ( മധ്യത്തിലുള്ള വിളക്കിൽ )
പുഷ്പം, അക്ഷതം, ജലം, ചന്ദന ജലം എന്നിവ എടുത്ത് ദേവത ഇരിക്കുന്ന പീഠമാണെന്ന് സങ്കൽപിച്ച് വിളക്കിന് മുന്നിൽ സമർപിക്കുക.
പൂജവെപ്പിനുള്ള ഗ്രന്ഥം / സാധങ്ങൾ പട്ടിൽ/ വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞ് വിളക്കിന് മുന്നിൽ ഒരു താലത്തിൽ വയ്ക്കുക. ഇതിന് മുന്നിലായി ഒരു നിർമ്മാല്യ പാത്രം ( നമ്മൾ സമർപ്പിക്കുന്ന ജലം ഒഴിച്ച് വെക്കാൻ ) വെക്കണം.
👉🏻ആദ്യം ദേവതയെ ആവാഹിക്കണം……….
👉🏻ഉപചാര പൂജ ചെയ്ത് നിവേദ്യം, തുടർന്ന് പുഷ്പാഞ്ജലി സമർപ്പിക്കുക.
👉🏻കർപ്പൂരം കത്തിച്ച് പൂജ അവസാനിപ്പിക്കാം.
പൂജയെടുപ്പ് : 1196 തുലാം 10 ന് (2020 ഒക്ടോബർ 26 ന്)
രാവിലെ പൂജയെടുപ്പ് / വിദ്യാരംഭം .